2008, നവംബർ 21, വെള്ളിയാഴ്‌ച

ചക്കൂട്ടി

അങ്ങനെ ഇരിക്കെ അവളുടെ പിറന്നാളിന്, അവന്‍ ഒരു പടം വരച്ച് അവള്ക്ക് സമ്മാനമായിക്കൊടുത്തു ..മലകള്ക്കപുറത്ത് ഉദിച്ചുയരുന്ന സൂര്യന്‍ ..ഒരു മരം, ഒരു വീട് ,ഒരു പുഴ ....

ഈ മരവും പുഴയും,വീടും, അവന്റെ എല്ലാ പടങ്ങളിലും ഉള്ളതാണ് ...

"നന്നായിട്ട്ണ്ട് ..അവള്‍ പറഞ്ഞു...എന്നിട്ട് കണ്ണുകള്‍ മെല്ലെ അടച്ചു കൊഞ്ചിക്കൊണ്ട്പറഞ്ഞു.. "ഉമ്മ "..

"എന്തിനാ ഉമ്മ "

"സ്നേഹം വന്ന ഞാന്‍ എല്ലാര്ക്കും കൊടുക്കും "

"ഹതു കൊള്ളാമല്ലോ ..." അവന് ചിരി വന്നു...എങ്കിലും മുഖത്ത് ഒരു ചെറിയ അവജ്ഞ വരുത്തി കൊണ്ടു അവന്‍ പറഞ്ഞു "യ്യേ എനിക്കെങ്ങും വേണ്ട "

"യ്യേ ചെക്കന് നാണം വന്നോ ?" നാക്ക് പുറത്തേക്ക് നീട്ടി ക്കൊണ്ട് അവള്‍ കോക്രി കാട്ടി ..

"അതേയ് ....അതേയ് ശ്രീക്ക് സ്നേഹം വന്നാ ന്നെ ന്താ വിളിക്കാ? "

"കുട്ടിപിശാശേന്നു.....!!!!"ആ ചോദ്യം പ്രതീക്ഷിചിരുന്നെന്ന പോലെ ഝടേന്നാണ് അവനതു പറഞ്ഞത്‌ ..അതു കേട്ട് അവള്‍ നാക്ക് പുറത്തെക്ക് നീട്ടി വീണ്ടും കോക്രി കാട്ടി .."പോ ഇനി മിണ്ടണ്ട "..അവള്‍ അങ്ങനെ കോക്രി കാട്ടുന്നത് കാണാന്‍ അവന് ഇഷ്ടമാണ് ....അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു " ഒറപണോ? ...അവള്‍ അത് കേട്ടതായി ഭാവിച്ചില്ല ..."ന്നെ ചക്കൂട്ടിന്നു വിളിക്ക്വോ "

"ചക്കുട്യോ അതെന്താ സാധനം "

"ചക്കര കുട്ടിയാ ചക്കൂട്ടി " അവള്‍ടെ കൊഞ്ചി കൊണ്ടു തന്റെ കണ്ടുപിടിത്തം അവനെ അറിയിച്ചു ..

അവള്‍ കൊഞ്ചുന്നത് കണ്ടു അവന് ദേഷ്യം വന്നു?.."കൊള്ളാം..ചക്കുട്ടി...ച.." എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവന്‍ പെട്ടന്ന് നിര്ത്തി ..എന്നിട്ട് ചിരിച്ചു കൊണ്ടു തുടര്‍ന്നൂ .."പക്ഷെ കൊറച്ചൂടെ ചേരണത് "ചക്കെ" ന്നല്ലേ

" ചക്ക കുട്ടി ..ചക്കൂട്ടി!!!!! "..എങ്ങനുണ്ട് തടിച്ചി .."

"പോടാ "

"ചക്കെ "

"പോടാ...... "

(തുടരും )

2008, നവംബർ 19, ബുധനാഴ്‌ച

മുട്ടില്‍ പനി

ജാനകി ശ്രീയുടെ അയല്ക്കാരിയായിട്ടു ഇപ്പൊ മൂന്നോ നാലോ മാസമായിരിക്കുന്നു.. അവര്‍ ഇതിനോടകം നല്ല സുഹൃത്തുകള്‍ ആയി കഴിഞ്ഞിരുന്നു ..മിക്കവാറും ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ ഉടനെ കുളിച്ചു, ദോശയും കാപ്പിയും കഴിച്ചു ,ശ്രീ നേരെ അവളുടെ വീട്ടിലേക്ക് ഒരു ഓട്ടമാണ് ..അവര്‍ ഒരുമിചിരുന്നാണ് ഹോം വര്‍ക്ക് ചെയ്യുന്നതും മറ്റും ..

ഉണ്ണിയുടെ വീട് മൈതാനത്തിന്റെ അങ്ങേ തലക്കലാണ് ..അവധി ദിവസങ്ങളില്‍ അവര്‍ മൂവരും ഒരുമിച്ചാണ്..ചിലപ്പോള്‍ ഉണ്ണിയും ശ്രീയും ക്രിക്കറ്റ് കളിയ്ക്കാന്‍ പോകും...അവരെ "ചീര്‍ അപ് " ചെയ്യുക എന്നതാണ് അവളില്നിക്ഷിപ്തമായ കര്മ്മം ..ഒരിക്കല്‍ അവള്‍ ബാറ്റെടുത്ത് കളിക്കാനും മുതിര്‍ന്നു.
കണ്ണന്കാലിനു കിട്ടി ഒരെറ് !!!..അതോടെ ആ ശ്രമം ഉപേക്ഷിച്ച മട്ടാണ് .സുരക്ഷിതമായ ഒരു അകലത്തില്‍ നിന്നു അവള്‍ എല്ലാം നോക്കി കാണും...

ജാനകി അങ്ങനെ ക്ലാസ്സുകള്‍ ഒന്നും മുടക്കാറില്ല ..എന്നാല്‍ ശ്രീക്ക് ചില പ്രത്യേക ദിവസങ്ങളില്‍ പനി , ചുമ , തൊണ്ട വേദന മുതലായ അസുഖങ്ങളൊക്കെ വരും .മറിയാമ്മ ടീച്ചര്‍ ചോദ്യം ചോദിക്കും എന്ന് പറഞ്ഞ ദിവസങ്ങളിലോ ..തലേന്ന് മടി പിടിച്ചിരുന്നു ഏലിയാസ്‌ സാര്‍-ന്റെ ഹോംവര്‍ക്ക് ചെയ്യാതെ ദിവസങ്ങളിലോ ഒക്കെ ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നത്..നിനക്ക് "മുട്ടില്‍ പനിയാ" എന്ന് പറഞ്ഞു അവള്‍ അവനെ കളിയാക്കും...അപ്പൊ മെല്ലെ..അടഞ്ഞ സബ്ദത്തില്‍ അവന്‍ വിഷമത്തോടെ പറയും..."പോടി ,സത്യായിട്ടും വയ്യായിരുന്നു.."

അങ്ങനെ ഉള്ള ദിവസങ്ങളിലൊക്കെ ജാനകി വരുന്നതിനു മുന്നേ തന്നെ ശ്രീ അവളുടെ വീട്ടില്‍ ഹാജരുണ്ടാവും ..അന്ന് പഠിപ്പിച്ച പാഠങ്ങള്‍ ഒക്കെ പകര്‍ത്തി എഴുതി,ഹോം വര്‍ക്ക് ഉണ്ടെങ്കില്‍ അതും തീര്ത്തു അവളുടെ അച്ഛന്‍ ജോലി കഴിഞ്ഞു വരുന്നതിനു മുന്നേ മടങ്ങും..ഇതിന് മുന്നില്‍ പക്ഷെ രസകരമായ ഒരു വസ്തുത ഉണ്ട് ..കേള്‍ക്കണോ?

ജാനകിയുടെ അച്ഛന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ..അദ്ദേഹം വലിയ അറിവുള്ള മനുഷ്യന്‍ നാണ് .എന്തിനെ കുറിച്ചും അദ്ദേഹത്തോട് ചോദിച്ചു നോക്ക് ..ഉത്തരമുണ്ടാവും .എല്ലാ കാര്യങ്ങളിലും തന്റെതായ വ്യക്തവും കൃത്യവുമായ കഴ്ച്ചപടൊക്കെ ഉള്ള മനുഷ്യനാണ് ...

ശ്രീയെ കണ്ടാല്‍ അദ്ദേഹം ഉടനെ അവനെ പിടിച്ചിരുത്തും ..എന്നിട്ട് ""ഗുരുതതാകര്ഷണത്തെ "കുറിച്ചു ചോദിക്കും ..എന്തിന് ഏറെ പറയുന്നു " ആപേക്ഷിക സിദ്ധാന്തത്തേ കുറിച്ചു പോലും ആധികാരികമായി സംസാരിച്ചെന്നു വരാം ...പിന്നെ ആള്‍ജിബ്രാ , ജ്യോമെട്രി , വിശ്വ വിഖ്യാതമായ പല പുസ്തകങ്ങള്‍ , എഴുത്തുകാര്‍ , പല രോഗങ്ങള്‍ അവയ്ക്കുള്ള മരുന്നുകള്‍ എന്ന് വേണ്ട എല്ലാ സംഗതികളെ ക്കുറിച്ചും സംസാരിക്കും...

ശ്രീ "ബ്ലിംഗസ്യ " ന്നു പറഞ്ഞു എല്ലാം കെട്ട് കൊണ്ടിരിക്കും.."ഇതെല്ലം നിങ്ങള്‍ പഠിച്ചതല്ലേ?? ..അദ്ദേഹം ചോദിക്കും..ശരിയാണ്...ചിലതൊക്കെ അവന്‍ കേട്ട്ടിട്ടുണ്ട് .എന്നാലും ഇതൊക്കെ ആര് ഓര്ത്തു വക്കാന്‍...കഥാ പുസ്തകങ്ങള്‍ വായിക്കാന്‍ അവന് ഇഷ്ടമാണ്...എന്നാലും മേല്‍പ്പറഞ്ഞ രീതിയില്‍ അറിവ് സംബാതിക്കുന്നതില്‍ അവന് വലിയ താത്പര്യം ഒന്നും തോന്നാറില്ല...

ഇതെല്ലം മനസിലാക്കിയിട്ടെന്ന വണ്ണം..ജാനകി വിളിച്ചു പറയും...."ശ്രീ ദേ ആന്റി വിളിക്കണ് ട്ടോ "

വെറുതേ അവളെ കൊണ്ടെന്തിനു നുണ പറയിക്കണം?..ഈ തിരിച്ചറിവാണ്‌ മുന്‍ ചോന്ന വിധം നേരത്തേയുള്ള അവന്റെ മടങ്ങി പോക്കിന് അടിസ്ഥാനം ....

(തുടരും )

2008, നവംബർ 17, തിങ്കളാഴ്‌ച

വെളുത്ത പാവകുട്ടി


"റഹ്മാന്‍ സാറിന്റെ വീട്ടില് പുതിയ താമസക്കാര് വന്നുല്ലോ... ഇങ്ങോട്ടെങ്ങാനും കയറി വന്നാലോ .."ശ്രീയുടെ അമ്മ മെഴുകുതിരി വെളിച്ചത്തില്‍ പത്രങ്ങളും മാസികകളും അടുക്കി പെറുക്കുകയാണ്


ശ്രീയുടെ അച്ഛന്‍ എന്ജിനിയര്‍് ആണ് . സര്‍ക്കാര്‍ ജീവനക്കാരന്‍ ...അദ്ദേഹത്തിന്റെ മെലുദ്യോഗസ്ഥനായിരുന്നു മേല്പ്പറഞ്ഞ റഹ്മാന്‍ സാര്‍ . റഹ്മാന്‍ സാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു .ഭാര്യയും രണ്ടു പെണ്‍കുട്ടികളുമായി അദ്ദേഹം ബേപൂര്ക്ക് പോയി.

പവര്‍കട്ടിന്റെ സമയമാണ്. ശ്രീ ഒരു മെഴുകുതിരിയും കത്തിച്ചു വച്ചു ബാലരമ വായിക്കുകയാണ്.

"ഡാ ഇരുട്ടതാണോ പുസ്തകം വായന ..കണ്ണ് പോവുട്ടോ .പടിക്കാനുല്ലതൂടെയല്ല "

ശ്രീ എഴുന്നേറ്റു മുറിക്കകത്ത് പോയി കട്ടിലില്‍ കിടന്നു ഇരുട്ടിലേക്ക് നോക്കി ..എന്തോ പറ്റിയിട്ടുണ്ട് തനിക്ക് ...


ക്ലാസില്‍ പുതുതായി വന്ന ഒരു പെണ്കുട്ടി .ഉണ്ണിയുടെ ഭാഷയില്‍ അവള്‍ "വെളുത്ത ഒരു പാവ" കുട്ടിയാണ്..വെളുത്ത പാവ കുട്ടി...കൊള്ളാം ..മിനിയാന്ന് താന്‍കോപ്പി എഴുതി കൊണ്ടിരുന്നപ്പോള്‍ അവള്‍ തന്റെ അടുത്ത് വന്നു..


"ശ്രീ എന്താ എഴുതണേ ". "ശ്രീ" എന്ന് ...കേള്‍ക്കണേ ..അവള്‍ തന്നെ ശ്രീ എന്ന്‍ വിളിച്ചിരിക്കുന്നു..അവളുടെ മുഖം കാണണം എന്ന് തനിക്ക് തോന്നിയതാണ്.പക്ഷെ മുഖം ഉയര്‍ത്താതെ (അല്പം ഗൌരവത്തോടെ തന്നെയാണ് ) പറഞ്ഞു .."മലയാളം കോപ്പി ..ഇനി രണ്ടു പേജ് കൂടെ ഉണ്ട് "


"ഛെ! അങ്ങനെ വേണ്ടീരുന്നില്ല ..ഇനി പറഞ്ഞിട്ടെന്തു ?....താന്‍ ഒരു മണുക്കൂസന്‍ തന്നെ ....

അവളുടെ വീടെവിടെയാണ്.. താന്‍ കയറുന്ന സ്കൂള്‍ ബസില്‍ ഇതു വരെ അവളെ കണ്ടിട്ടില്ല ..ഇനി താന്‍ കാണാതെ ഇരുന്നതകുമോ .?...അവള്‍ കയറുന്ന സ്കൂള്‍ ബസ്സ് ഏതെന്ന് അറിയണം ...ബസിന്റെ നമ്പര്‍ നോക്കിയാല്‍ വീട് ഏത് റൂട്ടിലാണ്‌ എന്ന് അറിയാമല്ലോ ...അതിനായി ഓടിയപ്പോഴുണ്ടായ പുകില് ...

ദേശീയഗാനം പാടിക്കഴിഞ്ഞു ബെല്ലടിച്ചു പതിവു ഒച്ചയും ബഹളവുമെല്ലാം കഴിഞ്ഞുസാവധാനം നോക്കുമ്പോഴുണ്ട് അവളെ കാണാനില്ല !! ഇനി ബസില്‍ കയറി കാണുമോ ?.... ക്ലാസില്‍ നിന്നും ഇറങ്ങി ഓടി ..എന്ന് പറഞ്ഞാല്‍ ഓടാന്‍ തുടങ്ങി ..ലീഡര്‍ ശ്രീമാന്‍ കുര്യന്‍പത്രോസ് ഇതൊന്നുമരിയതെ ക്ലാസിലേക്ക് കയറി വരുന്നുണ്ടായിരുന്നു ..

"ഠപ്പേ"... പത്രോസ് നിലത്തു അനക്കമില്ലാതെ കിടക്കുന്നു ..

താന്‍ നിന്നു വിറക്കുകയാണ്..ശരിക്കും തീ തിന്നു പോയി...

"ചത്തോ ദൈവമേ..ഇല്ല ..ദാ കണ്ണ് തുറക്കുന്നു...എന്തൊക്കെയോ മൂളുന്നുണ്ട് ...ഹാവൂ.. "..പിന്നെടീച്ചര്‍ വന്നു ..കുട്ടികള്‍ വന്നു..എല്ലാവരും ചുറ്റും കൂടി........അവള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നോ.. ?

എന്തായാലും മറിയാമ്മ ടീച്ചര്‍ ന്റെ വായില്‍ ഇരിക്കുന്ന ചീത്ത മുഴുവനും അന്നുകെട്ടു....കൊഴപ്പമില്ല.. വകയില്‍ അവന് കൊടുക്കാനുണ്ടായിരുന്ന ഒരു കടമാങ്ങു വീട്ടി... കഴിഞ്ഞ കൊല്ലം വര്‍ത്തമാനം പറഞ്ഞതിന് തന്നെ തല്ലു കൊള്ളിച്ചവനല്ലേ.... എന്നാലുംപാവം..ശരിക്കും വേദനിച്ചോ എന്തോ.?

മുറിയുടെ വാതില്‍ അടച്ചിട്ടുണ്ടയിരുന്നില്ല ... ഡ്രോയിംഗ് ഹാളിലെ മെഴുകുതിരി വെട്ടം നോക്കി , മുറിയില്‍ തൂക്കിയിരുന്ന ക്ലോക്കിലെ ഫ്ലുരസേന്റ്റ് സൂചികള്‍ ,പുന്ചിരിച്ചു കൊണ്ട് ഇനിയും പത്തുമിനിറ്റ് കൂടെ ഉണ്ടെന്നു അവനെ അറിയിച്ചു ...

ഭാവനയുടെ ആനന്തതയില് അവന്റെ മനസ് ഒരു പട്ടം കണക്കെ പാറി നടക്കുകയാണ്...


ഉണ്ണി തണുപ്പനാണ് ..ഇതൊക്കെ അവനോടു പറഞ്ഞാല്‍ കളിയാക്കും..'നിനക്ക് വേറെപണിയൊന്നുമില്ലേ? പ്രേമിക്കാന്‍ നടക്കുന്നു.....'....വലിയ ആളുകളുടെ പോലെ അവന്‍സംസാരിക്കുന്നത് തനിക്ക് ഇഷ്ടമേഅല്ല...പിന്നെ ആരോട് പറയും...?

ആരോടും പറയുന്നില്ലെന്നു അവന്‍ തീരുമാനിച്ചു...സത്യത്തില്‍ എന്താണ് പറയേണ്ടതെന്ന്അവന് അറിയില്ല...

അവന്‍ ഇരുട്ടത്ത്‌ തപ്പി തടഞ്ഞു എഴുന്നേറ്റു ആരോടും മിണ്ടാതെ പോയി ഒരു മെഴുകുതിരികത്തിച്ചു തിരിച്ചു മുറിയില്‍ വന്നു .ബാഗില്‍ നിന്നു ഒരു നോട്ടു ബുക്കും പേനയുംഎടുത്തു.പുസ്തകത്തിന്റെ അവസാന താള്‍ മറച്ചു..ഒരത്ഭുട പ്രവൃത്തിയാണ്‌ അവന്‍ ചെയ്യാന്‍പോകുന്നത്..തനിക്ക് വിശ്വാസമാണ്.തന്റെ കാര്യത്തില്‍ ഇതെപ്പോഴും സത്യമായിട്ടുണ്ടല്ലൊ.. !!..എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് തന്റെ പേരും അടിയില്‍ അവളുടെ പേരുംഇംഗ്ലിഷില്‍ എഴുതി ....

രണ്ടു പേരുകളിലും ഒരേ ലെറ്ററുകള്‍ ഉണ്ടെങ്കില്‍ അവ വെട്ടിക്കള്യുകയാണ് ഇനിവേണ്ടത്..തുടര്‍ന്നു "ഫ്ലെയിംസ് (എഫ് . എല്‍ . . എം . . എസ് )" എന്ന് പേപ്പറില്‍എഴുതണം.. എന്നിട്ട് "എഫ് " -ല്‍ നിന്നു എണ്ണി തുടങ്ങണം ..ഒന്നു മുതല്‍, രണ്ടു പേരുകളിലുംകൂടെ ശേഷിച്ചിട്ടുള്ള ലെട്ടരുകലുടെ എന്നമെത്രയാണൊ, അത്ര വരെ എണ്ണണം....."എസ്" - ല്‍ എത്തിയാല്‍ വീണ്ടും "എഫ്"-ലേക്ക് ....അങ്ങനെ .....എവടെ എണ്ണിതീരുന്നുവോ അവടെവെട്ടണം....

ലെറ്ററുകള്‍ ഓരോന്നായി വെട്ടി പോയി ..ഒടുവില്‍ "എഫ്" മാത്രം അവശേഷിച്ചു ...

"എഫ്" ഫ്രെണ്ട് ഷിപ്പ് ആണെന്ന് അവന് അറിയാം ... "... അതു കൊള്ളാം " എന്ന് തോന്നിയെങ്ങിലും ഉള്ളിലെവിടെയോ ഒരു കുഞ്ഞു നഷ്ട ബോധം ആ മനസ്സിനെ വെട്ടയാടിതുടങ്ങിയിരുന്നു..

ലൈറ്റുകള്‍ തെളിഞ്ഞു ..പുറത്തെ കലപില പെട്ടന്നാണവ്ന് ശ്രദ്ധിച്ചത് ..

"കുട്ടാ ..ഇങ്ങു വന്നെ.." അമ്മ വിളിക്കുന്നു.. ?..ചാടി എഴുന്നേറ്റു കണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നു കൈ കൊണ്ടു മുടി ഒതുക്കി ,ഡ്രോയിംഗ് റൂമിന്റെ വെള്ളി വെളിച്ചത്തിലേക്ക് ഇറങ്ങിചെന്ന അവന്‍ കണ്ടത്.....???

താന്‍ സ്വപ്നം കാണുകയല്ല എന്ന് അവന് അറിയാമായിരുന്നു ..എങ്ങിലും ,തന്നെ നോക്കിപുഞ്ചിരി തൂകുന്ന രണ്ടു കണ്ണുകള്‍ !!!!!!

അവന്‍ അത്ഭുടതോടെ ചിരിച്ചു...

'ഹായ്'

'ഓഹ് ..ഹായ്"

(തുടരും)





2008, നവംബർ 15, ശനിയാഴ്‌ച

കറുക്കുന്ന ആകാശം....

വേനല്‍ ചൂടിന്റെ അവസാന ചെറുത്തു നില്‍പ്പിനെയും തോല്‍‌പിച്ച് കുട്ടികള്‍ കൂടുതല്‍ ഉത്സാഹത്തോടെ കളിച്ചുകൊന്ടിരുന്നു ...

"നാളെ ഉച്ച വരെ അല്ലെ ഉള്ളോ" തനിക്കരികില്‍ ഫീല്‍ഡ് ചെയ്യുന്ന ഉണ്ണിയോട് ശ്രീ കുട്ടന്‍ ചോദിച്ചു..
'നാളെ സ്കൂള്‍ തൊറക്വല്ലെ? ' ഉണ്ണി സങ്കടത്തോടെ ശ്രീയെ നോക്കി ..."ശ്ശെ"..
...നിസ്സഹായതയുടെ നെടുവീര്‍പ്പ് ...
ശ്രീ, തനിക്കരികിലൂറെ പാഞ്ഞ പന്ത്, കാലുകള്‍ കൊണ്ടു തടുത്തിട്ട് , ബോളര്‍ക്ക് എറിഞ്ഞു കൊടുത്തു..വരുന്ന അദ്ധ്യായന വര്‍ഷത്തെ കുറിച്ചുള്ള ആകുലപെടുത്തുന്ന ചിന്തകളായിരുന്നു അവന്റെ മനസ് നിറയെ ...
മുന്പ് തോന്നിയ ഉത്സാഹമൊക്കെ പെട്ടന്നു എങ്ങോ പോയ്മറഞ്ഞു....

ഇനി വീണ്ടും ഹോം വര്‍ക്ക്, പരീക്ഷ ....പക്ഷെ, പുതു വസ്ത്രങ്ങള്‍ അണിഞ്ഞു പുതിയ ബാഗ് ,പെന്‍സില്‍ ബോക്സ് ,പേന, പുസ്തകങ്ങള്‍ ,ഷൂസ് ഒക്കെയായി സ്കൂളില്‍ പോകുന്നതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ ആണ്... ഇക്കുറി ചതുരാകൃതിയില്‍ ഉള്ള സാധാരണ ബാഗിന് പകരം നീളമുള്ള മുകള്‍ഭാഗം വളഞ്ഞ ബാഗാണ് തനിക്കായി മേടിച്ചിരിക്കുന്നതെന്ന് അവന്‍ ഓര്‍ത്തു; ക്ലാസില്‍ അധികം ആര്‍ക്കും അത്തരം ബാഗ് ഉണ്ടാവില്ല...

വൈകുന്നേരം അവസാനിക്കരുതെന്ന് കുട്ടികള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു...എങ്കിലും പതിയെ പതിയെ വെളിച്ചം അരണ്ട് തുടങ്ങി...

അപ്പുറത്തെ മുതിര്‍ന്ന കുട്ടികളുടെ കൂട്ടം നേരത്തെ കളി നിര്ത്തി പോയിരുന്നു..ശ്രീയും ഉണ്ണിയും മൈതാനത്ത് തനിച്ചായി..

വിയര്ത്തൊലീക്കുന്ന തലമുടി പിന്നോട്ടാക്കിക്കൊണ്ടു ശ്രീ പറഞ്ഞു "ന്നു രാത്ര്യെ ആകാശം കാണാന്‍ നല്ല ഭംഗീല്ലെ ?' ഒന്നു നിര്‍ത്തിയിട്ട്‌ അവന്‍ തുടര്‍ന്നു.."എന്തൊക്കെ പ്ലാന്‍ ചെയ്തതാ..കളി മാത്രം നടന്നു...." അവന്‍ ഒരു കല്ലെടുത്ത്‌ ദൂരേക്ക് വലിച്ചെറിഞ്ഞു..

കറുക്കുന്ന ആകാശം നോക്കി ഇരിക്കുകയായിരുന്നു ശ്രീ...

"ഇനി ഇതുകൊണ്ടു വലിയ ഉപയൊഗമൊന്നുമില്ലല്ലൊ?" തന്റെ കയ്യില്‍ ഇരിക്കുന്ന ബാറ്റ് ഉയര്‍ത്തികൊണ്ടു ശ്രീ ചോദിച്ചു

ഉണ്ണി ചിരിച്ചു കൊണ്ടു എഴുന്നേറ്റു..." വാ...പോവാം രാത്രിയായി " ശ്രീക്ക് എഴുന്നെല്‍ക്കാനായി അവന്‍ കൈ നീട്ടി..

ഉണ്ണി ചെയ്ത പോലെ ശ്രീയും ഒരു കല്ലെടുത്ത്‌ ദൂരേക്ക് വലിച്ചെറിയുകയായിരുന്നു..

"അപ്പൊ ശരി ..നാളെ കാണാം ..ഉണ്ണീടെ കൈ പിടിച്ചു ശ്രീ എഴുന്നെടു ..രണ്ടു പേരും ശരിക്കും ക്ഷീണിച്ചിരുന്നു...ശ്രീക്ക് നടക്കാന്‍ വിഷമം തോന്നി..

"ന്റെ ..കാല് വേദനിക്കണൂ "

"നിക്കും...ഒന്നു കുളിക്കണം ..അപ്പൊ ടാറ്റ" ..തന്റെ കയ്യിലിരിക്കുന്ന ബാറ്റ് കൊണ്ട് ബോള്‍ ഡിഫെന്റ്റ് ചെയ്യുന്ന പോലെ കാണിച്ച് ശ്രീ മുന്നോട്ട് നടന്നു

കളിക്കളത്തിനു മുകളില്‍ കുറെ നക്ഷത്രങ്ങള്‍, അവരെ ആദ്യമായി കാണുന്നത് പോലെ , കുട്ടികള്‍ നടന്നു പോകുന്നത് നോക്കി, അത്ഭുതത്തോടെ ഇടക്കിടെ കണ്ണുകള്‍ ചിമ്മി കൊണ്ടിരുന്നു...

തുടരും...